2570 ഒഴിവുകള്‍ ലിസ്റ്റ് ചെയ്ത് റെയില്‍വേ, ഈ യോഗ്യതകളുള്ളവരാണോ നിങ്ങള്‍?
ജൂനിയര്‍ എഞ്ചിനീയര്‍ ( ജെ ഇ ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ടന്റ് ( ഡി എം എസ് ), കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് ( സി എം എ ) തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ( ആര്‍ ആര്‍ ബി ). ആകെ 2570 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് ഡ്രൈവിനുള്ള ഹ്രസ്വ വിജ്ഞാപനം റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.
എംപ്ലോയ്മെന്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് അനുസരിച്ച്, ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ഒക്ടോബര്‍ 31 ന് ആരംഭിച്ച് 2025 നവംബര്‍ 30 വരെ തുടരും. rrbapply.gov.in എന്ന ഔദ്യോഗിക ആര്‍ ആര്‍ ബി പോര്‍ട്ടല്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായ പരിധി 2026 ജനുവരി 1 ലെ കണക്ക് അനുസരിച്ച് 18 നും 33 നും ഇടയില്‍ ആയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായ പരിധിയില്‍ ഇളവുകള്‍ ലഭിക്കും.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 35,400 രൂപ ശമ്പളമായി ലഭിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ( CBT-I & CBT-II ), ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരീക്ഷ എന്നിങ്ങനെയുള്ള നാല് ഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് തസ്തികയ്ക്ക് അപേക്ഷിക്കാന്‍ അനുയോജ്യമായ സാങ്കേതിക യോഗ്യത ഉണ്ടായിരിക്കണം.
ആദ്യ ഘട്ടം വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ CBT-II- ലേക്ക് വിളിക്കും. ജൂനിയര്‍ എഞ്ചിനീയറും അനുബന്ധ തസ്തികകളും അപേക്ഷിക്കുന്നവര്‍ക്ക് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം (BE/BTech) ഉണ്ടായിരിക്കണം. സി എം എ തസ്തികകളിലേക്ക്, ഫിസിക്‌സ്, കെമിസ്ട്രി പശ്ചാത്തലമുള്ള ബിരുദധാരികള്‍ക്ക് യോഗ്യതയുണ്ടായിരിക്കും.
അപേക്ഷ ആരംഭിക്കുന്ന തീയതിയോട് അടുത്ത് പുറത്തിറങ്ങുന്ന പൂര്‍ണ്ണ വിജ്ഞാപനത്തില്‍ വിശദമായ വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ ലഭ്യമാകും. നിലവില്‍, ആര്‍ ആര്‍ ബി 368 സെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍ ( എസ് സി ഒ ) തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്, ഇതിനായി ബിരുദധാരികള്‍ക്ക് ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2025 ഒക്ടോബര്‍ 16 വരെ അടയ്ക്കാം.