സ്ത്രീശക്തിക്ക് കരുത്ത് പകരാന്‍ ‘നാരീചക്ര’ പ്രോഗ്രാമുമായി അസാപ്; കൈകോര്‍ത്ത് മഹീന്ദ്രയും ഇറാമും
സ്ത്രീശക്തിക്ക് കരുത്ത് പകരാന്‍ ‘നാരീചക്ര’ പ്രോഗ്രാമുമായി അസാപ്; കൈകോര്‍ത്ത് മഹീന്ദ്രയും ഇറാമും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരള മഹീന്ദ്ര & മഹീന്ദ്രയും ഇറാം ടെക്‌നോളജീസുമായി സഹകരിച്ച്, 'നാരിചക്ര' പ്രോഗ്രാമിന് തുടക്കം കുറിച്ചു. പൊതുവെ സ്ത്രീകളുടെ പങ്കാളിത്തം കുറവുള്ള വാഹന വിപണന മേഖലയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയ ശേഷം മഹീന്ദ്ര & മഹീന്ദ്രയുടെ വാഹന വിപണന ഔട്ട്ലെറ്റുകളില്‍ കസ്റ്റമര്‍ സര്‍വീസ് അഡൈ്വസര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് എന്നീ ജോബ് റോളുകളില്‍ ആണ് നിയമനം നല്‍കുക. കേരളത്തില്‍ ഉടനീളം വിവിധ ഡീലര്‍ ഔട്ട്ലെറ്റുകളിലായി നൂറോളം അവസരങ്ങള്‍ ആണുള്ളത്.
ഓട്ടോമൊബൈല്‍ മേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് ഈ രംഗത്തേക്ക് സ്ത്രീകള്‍ക്കും തുല്യ അവസരം ഉറപ്പാക്കുകയും അതുവഴി സ്ഥിര വരുമാനവും സുരക്ഷിതമായ തൊഴിലിടവും ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം.
18-നും 35-നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ സ്ത്രീകള്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ആയും അതേ പ്രായപരിധിയില്‍ തന്നെയുള്ള മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഓട്ടോമൊബൈല്‍ മേഖലയില്‍ ഡിപ്ലോമയുള്ളവര്‍ക്ക് സര്‍വീസ് അഡൈ്വസര്‍ ആയും ആണ് ജോലി നേടാന്‍ അവസരം.
മഹീന്ദ്ര & മഹീന്ദ്രയുടെ ഡീലര്‍ ഔട്ട്‌ലെറ്റുകളില്‍ ഓണ്‍-ദി-ജോബ് ട്രെയിനിങ്ങും(OJT) നല്‍കുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ മുതല്‍ ശമ്പളവും ഇന്‍സെന്റീവുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
പ്രത്യേകതകൾ
- പ്ലേസ്മെൻ്റ് ഗ്യാരണ്ടി: പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പ്.
- കേരളമൊട്ടാകെ തൊഴിൽ അവസരങ്ങൾ
- മികച്ച ശമ്പളം: ₹15,000 രൂപയും മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്ന മികച്ച ശമ്പളത്തിൽ നിങ്ങളുടെ കരിയർ ആരംഭിക്കാം.
- വനിതാ ശാക്തീകരണം: ഓട്ടോമോട്ടീവ് രംഗത്ത് സ്ത്രീകൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകി അവരെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്.
- അംഗീകൃത സർട്ടിഫിക്കേഷൻ: ASAP-Kerala, ERAM Technologies, Mahindra & Mahindra എന്നിവർ സംയുക്തമായി നൽകുന്ന, വ്യവസായ രംഗത്ത് അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നേടാം.
പ്രോഗ്രാം വിവരങ്ങൾ
- തൊഴിൽ മേഖല: കസ്റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ എന്നീ റോളുകൾ
- യോഗ്യത:
- കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്: നല്ല ആശയവിനിമയ ശേഷിയുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
- സർവീസ് അഡ്വൈസർ: മെക്കാനിക്കൽ, ഓട്ടോമൊബൈൽ, അല്ലെങ്കിൽ ഇലക്ട്രിക്കൽ ഡിപ്ലോമയാണ് യോഗ്യത.
- പ്രായം: 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
- പരിശീലന കേന്ദ്രം: ASAP Community Skill Park (CSP), കുന്നംകുളം, തൃശ്ശൂർ
- ദൈർഘ്യം: 60 ദിവസമാണ് കോഴ്‌സിൻ്റെ ദൈർഘ്യം
- ഫീസ്: കോഴ്‌സ് ഫീസ് ₹6,000 + GST.
അസാപ് കുന്നംകുളം സ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പരിശീലനം. 6000 രൂപയാണ് ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://asapkerala.gov.in/nareechakra/ എന്ന ലിങ്ക് സന്ദര്‍ശിക്കുകയോ
9495999788, 9495999790 എന്നീ നമ്പറുകളില്‍
ബന്ധപ്പെടുകയോ ചെയ്യുക.