കെഎസ്ഇബിയിൽ ജോലി നേടാം;ആയിരത്തിനടുത്ത് ഒഴിവുകൾ; 24400 - 43600 രൂപവരെ ശമ്പളം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ (KSEB) ഇലക്ട്രിസിറ്റി വർക്കർ (കാറ്റഗറി നമ്പർ: 21/2026) തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് വൺ ടൈം രജിസ്ട്രേഷൻ വഴി ഔദ്യോഗിക വെബ്സൈറ്റിലെ പ്രൊഫൈലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. മറ്റേതെങ്കിലും രീതിയിലുള്ള അപേക്ഷകൾ പരിഗണിക്കില്ല. ഈ തസ്തികയുടെ ശമ്പള സ്കെയിൽ 24,400 – 43,600 രൂപയാണ്.
ജില്ല തിരിച്ച് ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു: തിരുവനന്തപുരം 101, കൊല്ലം 49, പത്തനംതിട്ട 24, ആലപ്പുഴ 70, കോട്ടയം 64. കൂടാതെ, ഇടുക്കി 96, എറണാകുളം 139, തൃശ്ശൂർ 62, പാലക്കാട് 68, മലപ്പുറം 64, കോഴിക്കോട് 117, വയനാട് 26, കണ്ണൂർ 73, കാസർഗോഡ് 32 എന്നിവിടങ്ങളിലും ഒഴിവുകളുണ്ട്.
അപേക്ഷകർക്ക് 18 നും 40 നും ഇടയിൽ പ്രായം നിർബന്ധമാണ്. 1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് സാധാരണ പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യതയായി എസ്.എസ്.എൽ.സി പാസോ അതിന് തത്തുല്യമോ ആയ യോഗ്യതയും ആവശ്യമാണ്. കൂടാതെ, സർക്കാർ അംഗീകൃത 2 വർഷത്തെ ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
ചില ശാരീരിക യോഗ്യതകളും നിർബന്ധമാണ്. പുരുഷ അപേക്ഷകർക്ക് കുറഞ്ഞത് 157.48 സെന്റീമീറ്റർ (5 അടി 2 ഇഞ്ച്) ഉയരവും, വനിതാ അപേക്ഷകർക്ക് 144.78 സെന്റീമീറ്റർ (4 അടി 9 ഇഞ്ച്) ഉയരവും ഉണ്ടായിരിക്കണം. സാധാരണ കാഴ്ചശക്തിയും, വർണ്ണാന്ധത ഇല്ലാതിരിക്കുകയും വേണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 3 ആണ്.
www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തവർക്ക് യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, വിജ്ഞാപന ലിങ്കിലെ അതത് തസ്തികകളുടെ 'Apply Now’ ബട്ടൺ വഴി അപേക്ഷ സമർപ്പിക്കാം. ഫോട്ടോയുടെ താഴെ അപേക്ഷകന്റെ പേരും എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തണം. നിബന്ധനകൾ പാലിക്കുന്ന ഫോട്ടോയ്ക്ക് 10 വർഷം സാധുതയുണ്ട്. പുതിയ പ്രൊഫൈൽ ഉണ്ടാക്കുന്നവർ ആറു മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് : https://www.keralapsc.gov.in/sites/default/files/2026-04/noti-21-26.pdf
