Job-Vacancy-In-Malabar-Cancer-Center-Apply-Now

 മലബാര്‍ കാന്‍സര്‍ സെന്റര്‍റില്‍ സ്റ്റാഫ് നഴ്‌സ് അടക്കം നിരവധി ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം .





കണ്ണൂര്‍ ആസ്ഥാനമായുള്ള മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) വിവിധ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയുള്‍പ്പെടെ 24 താല്‍ക്കാലിക ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 14, ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.


ആവശ്യമായ യോഗ്യതകളും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.mcc.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിജ്ഞാപനം വിശദമായി പരിശോധിക്കാം. ഈ നിയമനം കണ്ണൂര്‍ ജില്ലയിലായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിമാസ ശമ്പളം 16,500 രൂപ മുതല്‍ 55,000 രൂപ വരെയാണ്.


വിവിധ തസ്തികകളിലെ ഒഴിവുകളുടെ എണ്ണം ഇപ്രകാരമാണ്:

 ലക്ചറര്‍ (ഫിക്‌സഡ് ടേം കോണ്‍ട്രാക്ട് - ഇന്‍സര്‍) - 3 ഒഴിവുകള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിക്‌സഡ് ടേം കോണ്‍ട്രാക്ട് - ഇന്‍സര്‍) - 2 ഒഴിവുകള്‍, സ്റ്റാഫ് നഴ്സ് (ഫിക്‌സഡ് ടേം കോണ്‍ട്രാക്ട് - എം.സി.സി) - 3 ഒഴിവുകള്‍, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് (ഫിക്‌സഡ് ടേം കോണ്‍ട്രാക്ട് - എം.സി.സി) - 2 ഒഴിവുകള്‍.

കൂടാതെ, റെസിഡന്റ് സ്റ്റാഫ് നഴ്‌സ് (സ്‌റ്റൈപ്പന്‍ഡറി ട്രെയിനി - എം.സി.സി) തസ്തികയില്‍ 10 ഒഴിവുകളും റെസിഡന്റ് ഫാര്‍മസിസ്റ്റ് (സ്‌റ്റൈപ്പന്‍ഡറി ട്രെയിനി - എം.സി.സി) തസ്തികയില്‍ 4 ഒഴിവുകളും ലഭ്യമാണ്. നേരിട്ടുള്ള നിയമനമാണിത്.



ഓരോ തസ്തികയുടെയും ശമ്പളത്തിന്റെ വിശദാംശങ്ങള്‍ താഴെ നല്‍കുന്നു:

 ലക്ചറര്‍ - പ്രതിമാസം 40,000 രൂപ, അസിസ്റ്റന്റ് പ്രൊഫസര്‍ - പ്രതിമാസം 55,000 രൂപ, സ്റ്റാഫ് നഴ്സ് - പ്രതിമാസം 32,550 രൂപ, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് - പ്രതിമാസം 22,110 രൂപ. റെസിഡന്റ് സ്റ്റാഫ് നഴ്സിന് പ്രതിമാസം 22,000 രൂപയും, റെസിഡന്റ് ഫാര്‍മസിസ്റ്റിന് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 16,500 രൂപയും ബിരുദധാരികള്‍ക്ക് 18,700 രൂപയും പ്രതിമാസം ലഭിക്കും.


പ്രായപരിധി (01.01.2026 പ്രകാരം) ഓരോ തസ്തികയ്ക്കും വ്യത്യസ്തമാണ്. ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് എന്നിവര്‍ക്ക് 40 വയസ്സില്‍ താഴെയായിരിക്കണം പ്രായം. റെസിഡന്റ് സ്റ്റാഫ് നഴ്സ്, റെസിഡന്റ് ഫാര്‍മസിസ്റ്റ് എന്നിവര്‍ക്ക് 30 വയസ്സില്‍ താഴെയും പ്രായം നിശ്ചയിച്ചിട്ടുണ്ട്.


വിവിധ തസ്തികകളിലേക്കുള്ള യോഗ്യതകള്‍:

ലക്ചറര്‍ (ഫിക്‌സഡ് ടേം കോണ്‍ട്രാക്ട് - ഇന്‍സര്‍): നേഴ്‌സിംഗില്‍ (മെഡിക്കല്‍ സര്‍ജിക്കല്‍/കമ്മ്യൂണിറ്റി ഹെല്‍ത്ത്/മെന്റല്‍ ഹെല്‍ത്ത്/ചൈല്‍ഡ് ഹെല്‍ത്ത് നേഴ്‌സിംഗ്) മാസ്റ്റര്‍ ബിരുദം. പ്രവൃത്തിപരിചയം അഭികാമ്യം. അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിക്‌സഡ് ടേം കോണ്‍ട്രാക്ട് - ഇന്‍സര്‍): എം.എസ്സി. നഴ്‌സിംഗ്. പി.എച്ച്.ഡി (എന്‍), എം.ഫില്‍ (എന്‍), പ്രസിദ്ധീകരണങ്ങള്‍ അഭികാമ്യം.


കമ്മ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ്, ഒബ്സ്റ്റട്രിക്‌സ്/ഗൈനക്കോളജി നഴ്‌സിംഗ് എന്നീ സ്‌പെഷ്യാലിറ്റികള്‍ വേണം. എം.എസ്സി നഴ്‌സിംഗിന് ശേഷം കൊളീജിയറ്റ് പ്രോഗ്രാമില്‍ 3 വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. സ്റ്റാഫ് നഴ്സ് (ഫിക്‌സഡ് ടേം കോണ്‍ട്രാക്ട് - എം.സി.സി): 3 വര്‍ഷത്തെ പരിചയമുള്ള ജി.എന്‍.എം അല്ലെങ്കില്‍ 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 2 വര്‍ഷത്തെ പരിചയമുള്ള ബി.എസ്സി നഴ്‌സിംഗ്.



അല്ലെങ്കില്‍ ഓങ്കോളജി നഴ്‌സിംഗില്‍ 1 വര്‍ഷത്തെ പ്രത്യേക പരിശീലനം/ഡിപ്ലോമയും ഒരു പ്രത്യേക കാന്‍സര്‍ സെന്ററില്‍/വിംഗില്‍ 1 വര്‍ഷത്തെ പരിചയമുള്ള ജി.എന്‍.എം/ബി.എസ്സി നഴ്‌സിംഗും. കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (കെ.എന്‍.എം.സി) രജിസ്ട്രേഷനും കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തിപരിചയവും നിര്‍ബന്ധമാണ്.


അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് (ഫിക്‌സഡ് ടേം കോണ്‍ട്രാക്ട് - എം.സി.സി): ഡി.ഫാം/ബി.ഫാം യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യമാണ്. ആശുപത്രി മേഖലയില്‍ പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ആവശ്യമാണ്. റെസിഡന്റ് സ്റ്റാഫ് നഴ്‌സ് (സ്‌റ്റൈപ്പന്‍ഡറി ട്രെയിനി - എം.സി.സി): ബി.എസ്സി നഴ്‌സിംഗ്/ ജി.എന്‍.എം/ ഓങ്കോളജിയില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ. കെ.എന്‍.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം.


റെസിഡന്റ് ഫാര്‍മസിസ്റ്റ് (സ്‌റ്റൈപ്പന്‍ഡറി ട്രെയിനി - എം.സി.സി): ഡി.ഫാം/ബി.ഫാം യോഗ്യത. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും 100 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഫീസ് അടയ്ക്കാം. യോഗ്യത, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.


അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ ഒരു എഴുത്തുപരീക്ഷയോ ഓണ്‍ലൈന്‍ പരീക്ഷയോ നടത്താന്‍ സാധ്യതയുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോ-ഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം.



അഭിമുഖ വേദി :

മലബാര്‍ കാന്‍സര്‍ സെന്റര്‍, മൂഴിക്കാരി (പി.ഒ), തലശ്ശേരി, കണ്ണൂര്‍ ജില്ല, കേരളം - 670103. അഭിമുഖ തീയതിയും സമയവും: 2026 മെയ് 14, രാവിലെ 9:30.





Previous Post Next Post