കൊച്ചിയിലും തിരുവനന്തപുരത്തും ജോലി ഒഴിവ്; അരലക്ഷത്തിനടുത്ത് ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം
കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ യംഗ് പ്രൊഫഷണൽ തസ്തികയിൽ ഒഴിവ്. കരാർ നിയമനമാണ്. ഒരു വർഷത്തേക്കാണ് കാലാവധി. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് എന്നിവയിൽ ബി.ഇ./ബി.ടെക് ബിരുദമാണ് യോഗ്യത.
മുകളിൽ പറഞ്ഞ വിഷയങ്ങളിൽ എം.ഇ./എം.ടെക് ബിരുദം അഭികാമ്യമാണ്. ഉപകരണങ്ങൾ, യന്ത്രങ്ങൾ, സെൻസറുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവയുടെ വികസനത്തിൽ ഗവേഷണ പരിചയവും, മെഷീൻ ഡിസൈൻ സോഫ്റ്റ്‌വെയർ, AI & ML ആപ്ലിക്കേഷനുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകൾ എന്നിവയിൽ പ്രവൃത്തിപരിചയവും അഭിലഷണീയമാണ്.
ഉപകരണങ്ങളുടെ രൂപകൽപ്പന, ഫീൽഡ് സന്ദർശനങ്ങൾ, എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗവേഷണ പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നിവയാണ് പ്രധാന ജോലികൾ. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം നടക്കുന്ന തീയതിയിൽ 21 വയസ്സിന് മുകളിലും 45 വയസ്സിൽ താഴെയുമായിരിക്കണം. സർക്കാർ നിയമങ്ങൾക്കനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. പ്രതിമാസം 42,000 രൂപയാണ് ഏകീകൃത ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോം cift.engg@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cift.res.in/uploads/userfiles/Notification.
സോഫ്റ്റ് വെയർ ഡെവലപ്പർ ഒഴിവ്
തിരുവനന്തപുരം ഐ എച്ച് ആർ ഡിയുടെ പ്രൊഡക്ഷൻ മെയിന്റനൻസ് ഡിവിഷനിലെ വിവിധ പ്രോജക്ടുകളിലേക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പർമാരുടെ ഒഴിവിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കും. ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ അല്ലെങ്കിൽ ബിടെക്, ബി എസ് സി, ബി സി എ, എം സി എ യോഗ്യതയുള്ള പൈത്തൺ, ഡിജാങ്കോ, റീയാക്ട് എന്നിവയിൽ പ്രാവീണ്യമുള്ള യു.എക്സ് ആൻഡ് യു.ഐ ഡെവലപ്പിംഗ്, ഫ്രണ്ടെന്റ്റ് ഡിസൈൻ, ബാക്കെൻഡ് ഡിസൈൻ, ക്വാളിറ്റി അഷോറൻസ്, സർവർ ഹോസ്റ്റിംഗ് എന്നിവയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. https://pmdamc.ihrd.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
 സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒഴിവുകള്‍
കണ്ണൂർ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെയും പുരുഷ വാര്‍ഡനെയും നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. കായിക താരങ്ങള്‍ക്ക് മുന്‍ഗണന. പ്ലസ് ടു യോഗ്യതയുള്ള 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും കായിക താരങ്ങള്‍ക്കും മുന്‍ഗണന. വിമുക്ത ഭടന്മാര്‍ക്ക് വയസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വയസ്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, കായിക മികവ്, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ നാലിന് രാവിലെ 11 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് എത്തണം.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
കണ്ണൂർ: കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ എച്ച് എം സി നിയമനം നടത്തുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ള 40 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ മൂന്നിന് രാവിലെ 10.30 ന് കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം.