ബാങ്കുകളിൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം
രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ 3500 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്‌കീം (NATS) മുഖേനയാണ് തെരഞ്ഞെടുപ്പ്.
ഒക്ടോബർ 12 വരെ www.nats.education.gov.in വഴി രജിസ്റ്റർചെയ്യാം.
തുടർന്ന് കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.canarabank.com) “Apprentice Recruitment 2025” എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം, പ്രാദേശിക ഭാഷയിൽ പ്രാവീണ്യം. പ്രായപരിധി: 20 – 28 വയസ് (2025 സെപ്റ്റംബർ 1- പ്രകാരം). അക്കാദമിക് മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് തയ്യാറാക്കിയാണ് നിയമനം, പ്രാദേശിക ഭാഷ പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. അപേക്ഷാഫീസ് 500 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് ഫീസില്ല.
ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബാങ്കിന്റെ വിവിധ വകുപ്പുകളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്തികകളിലാണ് നിയമനം. യോഗ്യത: ബിരുദം (ബിഇ/ബിടെക്,എംസിഎ, എംബിഎ, സിഎ, സിഎഫ്‌എ). ചീഫ് മാനേജർക്ക് 10 വർഷവും സീനിയർ മാനേജർക്ക് 5 വർഷവും മാനേജർക്ക് 3 വർഷവും തൊഴിൽ പരിചയം വേണം. പ്രായപരിധി: 30 – 40 വയസ്( തസ്തിക അനുസരിച്ച്). അപേക്ഷ ഫീസ്: 1000 രൂപ. എസ്‌സി, എസ്‌ടി, പിഡബ്ല്യൂബിഡി വിഭാഗത്തിന് 175 രൂപ. ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയ്‌ക്ക് ശേഷമാണ് അന്തിമ തെരഞ്ഞെടുപ്പ്. ഒക്ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: indianbank.bank.in
ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്കെയിൽ II, III, IV, V, VI കാറ്റഗറികളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിടെക്/ബിഇ, എംഎസ്‌സി, എംസിഎ ജയം. പ്രായം: 25 –50 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന്: 118 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്‌തംബർ 30. വെബ്‌സൈറ്റ്: ww.bankofmaharashtra.in.