എസ്ബിഐയില്‍ ക്ലര്‍ക്കാകാം, 6500 ലേറെ ഒഴിവുകള്‍... ശമ്പളം അരലക്ഷത്തിനും മുകളില്‍!
എസ്ബിഐയില്‍ ക്ലര്‍ക്ക് അഥവാ ജൂനിയര്‍ അസോസിയേറ്റിനുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. ആഗസ്റ്റ് 6 മുതല്‍ (ഇന്ന്) അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. ആകെ 6589 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതില്‍ 5,180 എണ്ണം റെഗുലര്‍ തസ്തികകളിലേക്കും 1,409 എണ്ണം ബാക്ക്ലോഗ് ഒഴിവുകളിലേക്കുമാണ്. കാറ്റഗറി തിരിച്ചുള്ള വിതരണത്തില്‍ ജനറല്‍ വിഭാഗത്തിന് 2,255, എസ് സി വിഭാഗത്തിന് 788, എസ് ടി വിഭാഗത്തിന് 450, ഒ ബി സി വിഭാഗത്തിന് 1,179, ഇ ഡബ്ല്യു എസ് വിഭാഗത്തിന് 508 തസ്തികകള്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പക്ഷേ അവര്‍ 2025 ഡിസംബര്‍ 31-നകം ബിരുദം നേടിയിരിക്കണം. അപേക്ഷകര്‍ 2025 ഏപ്രില്‍ 1-ന് 20 നും 28 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. (അതായത് 1997 ഏപ്രില്‍ 2 നും 2005 ഏപ്രില്‍ 1-നും ഇടയില്‍ ജനിച്ചവര്‍). സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതായിരിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒന്നിലധികം ഘട്ടങ്ങളുണ്ടായിരിക്കും.
100 മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയായ പ്രിലിമിനറി പരീക്ഷയോടെയാണ് ഇത് ആരംഭിക്കുന്നത്. അടുത്ത ഘട്ടം 190 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന 200 മാര്‍ക്കുള്ള മെയിന്‍ പരീക്ഷയാണ്. 2 മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഇത്. കൂടാതെ, 10 അല്ലെങ്കില്‍ 12 ക്ലാസുകളില്‍ പ്രാദേശിക ഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാഷാ പ്രാവീണ്യ പരീക്ഷയും ആവശ്യമാണ്.
അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് മെയിന്‍ പരീക്ഷയിലെ മാര്‍ക്ക് മാത്രമേ പരിഗണിക്കൂ. യോഗ്യതാ പരിശോധനയും പ്രാദേശിക ഭാഷാ പരീക്ഷയില്‍ യോഗ്യത നേടലും അനുസരിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ടയര്‍ 1 പ്രിലിമിനറി പരീക്ഷ 2025 സെപ്റ്റംബറില്‍ നടക്കും. ടയര്‍ 2 മെയിന്‍ പരീക്ഷ 2025 നവംബറിലും നടക്കും. ജനറല്‍, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗത്തിലുള്ളവര്‍ 750 രൂപ അപേക്ഷ ഫീസായി സമര്‍പ്പിക്കണം.
എസ് സി / എസ് ടി / പി ഡബ്ല്യു ബി ഡി / എക്‌സ്-സര്‍വീസുകാര്‍ എന്നിവര്‍ക്ക് ഫീസില്ല. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്ബിഐ ശമ്പള ഘടന അനുസരിച്ച് 24,050 രൂപ മുതല്‍ 64,480 രൂപ വരെ ശമ്പളം ലഭിക്കും. ആഗസ്റ്റ് 26 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.